Friday, 18 March 2011


ശ്രദ്ധിച്ചുകേള്‍ക്കേണ്ട ഒരു കഥയാണ്. 

ഒരിക്കല്‍ ഒരു കുഴിമടിയന്‍ കുട്ടി തന്റെ നഖം വെട്ടി മുറ്റത്തിട്ടു. അതിലേ പറന്നു വന്ന ഒരു കിളി അത് നഖമാണെന്നറിയാതെ കൊത്തിത്തിന്നു.
പിറ്റേന്ന് തീറ്റ തേടി യാത്ര പുറപ്പെടാന്‍ നേരത്ത് കിളികളുടെ നേതാവ് പറഞ്ഞു: ''ഇന്ന് നമുക്കെല്ലാവര്‍ക്കും ഒരുമിച്ചു തീറ്റതേടാം!'' 
അങ്ങനെ എല്ലാ കിളികളും ഒന്നിച്ച് ഒരിടത്തേക്കു പറന്നു. പക്ഷേ അന്നത്തെ ദിവസം അവര്‍ക്ക് ഒന്നും തിന്നാന്‍ കിട്ടിയില്ല. എല്ലാ കിളികളും സങ്കടത്തോടെ മടങ്ങി.

അടുത്ത ദിവസം പുറപ്പെടുന്നതിനു മുമ്പ് നേതാവ് പറഞ്ഞു: ''ചങ്ങാതിമാരേ, നമ്മളിലാരോ എന്തോ അരുതാത്തത് പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് എനിക്കുതോന്നുന്നു. അതിനുള്ള ശിക്ഷയാകാം ഇന്നലെ നമുക്ക് കിട്ടിയത്. ഏതായാലും ഇന്ന് നമുക്ക് രണ്ടു സംഘമായി പിരിഞ്ഞ് തീറ്റതേടാന്‍ പോകാം!''
അവര്‍ ആകെ പതിനാറു കിളികളുണ്ടായിരുന്നു. അന്നവര്‍ എട്ടു പേര്‍ വീതമുള്ള രണ്ടു സംഘമായി പിരിഞ്ഞ് രണ്ടിടത്തേക്ക് തീറ്റ തേടി പറന്നു. നഖം തിന്ന കിളി ഉള്‍പ്പെട്ട സംഘത്തിന് അന്നും തീറ്റയൊന്നും കിട്ടിയില്ല! എന്നാല്‍ മറ്റേ സംഘത്തിന് അന്ന് വയറു നിറയെ തീറ്റ കിട്ടി. 
തീറ്റ കിട്ടാത്ത കിളികള്‍ പിറ്റേന്ന് എന്തു ചെയ്‌തെന്നോ? അവര്‍ വീണ്ടും നാലു പേര്‍വീതമുള്ള രണ്ടു സംഘമായി പിരിഞ്ഞു. അന്നും അതേ ദുര്‍വിധി ആവര്‍ത്തിച്ചു- നഖം തിന്ന കിളി ഉള്‍പ്പെട്ട സംഘത്തിന് തീറ്റയൊന്നും കിട്ടിയില്ല!

തീറ്റ കിട്ടാത്ത നാലുപേരും പിറ്റേ ദിവസം വീണ്ടും രണ്ടായി പിരിഞ്ഞു-അതായത് രണ്ടു കിളികള്‍ വീതം. നഖം തിന്ന കിളിക്കും അവന്റെ കൂട്ടുകാരനും അന്നും ഒന്നും തിന്നാന്‍ കിട്ടിയില്ല! 

ഒടുവില്‍ നഖം തിന്ന കിളിയും മറ്റേ കിളിയും ഒറ്റയ്‌ക്കൊറ്റയ്ക്ക് തീറ്റ തേടാന്‍ പുറപ്പെട്ടു. അന്ന് മറ്റേ കിളിക്കുമാത്രം 
തീറ്റ കിട്ടി.അതോടെ തങ്ങളുടെ കൂട്ടത്തില്‍ അരുതാത്തതു ചെയ്ത കിളി ആരെന്ന് എല്ലാവര്‍ക്കും ബോധ്യമായി.

''
പറയൂ, നീ എന്തു തെറ്റാണ് ചെയ്തത്?'', എല്ലാവരും കൂടി അവനെ ചോദ്യം ചെയ്തു. പക്ഷേ എത്ര ആലോചിച്ചിട്ടും താന്‍ ചെയ്ത തെറ്റ് എന്തെന്ന് അവന് പിടികിട്ടിയില്ല. ''മടിയനായ ഒരു മനുഷ്യക്കുട്ടിയുടെ വീട്ടുമുറ്റത്തു നിന്ന് ഞാന്‍ അഞ്ചു ദിവസം മുമ്പ് അറിയാതെ ഒരു നഖം കൊത്തിത്തിന്നിരുന്നു! പക്ഷേ അതൊരു പാപമാണെന്ന് എനിക്കറിയില്ലായിരുന്നു!'', അവസാനം അവന്‍ പറഞ്ഞു.

അതു കേട്ടപ്പോള്‍ എല്ലാവര്‍ക്കും സങ്കടം വന്നു. അവരെല്ലാം ചേര്‍ന്ന് ഭക്ഷണമെത്തിച്ച് അവന്റെ വിശപ്പുമാറ്റി. പിന്നെ മടിയനായ ആ മനുഷ്യക്കുട്ടിയുടെ വീട്ടിലേക്ക് അവര്‍ പറന്നു ചെന്നു.

''
നോക്കൂ'', കിളികളുടെ നേതാവ് മടിയന്‍കുട്ടിയോട് പറഞ്ഞു: ''അശ്രദ്ധയും മടിയും കൊണ്ട് നീ ചെയ്യുന്ന ഓരോ കാര്യവും മറ്റുള്ള ജീവികള്‍ക്ക് എന്തെല്ലാം ദുരിതമുണ്ടാക്കുന്നു എന്നു കണ്ടില്ലേ? നീ വലിച്ചെറിഞ്ഞ വെറുമൊരു നഖം കാരണം ഞങ്ങള്‍ ഇത്രയും കാലം എത്ര വിഷമിച്ചെന്നോ? അപ്പോള്‍ ഓരോ ദിവസവും മനുഷ്യര്‍ പുറന്തള്ളുന്ന മാലിന്യങ്ങള്‍ ഞങ്ങള്‍ പ്രകൃതിയിലെ ഓരോ ജീവിക്കും എന്തുമാത്രം ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ഊഹിച്ചുനോക്കൂ!'' വീട്ടുതിണ്ണയിലിരുന്ന കുട്ടി കുറ്റബോധത്തോടെ മുഖം കുനിച്ചു

No comments:

Post a Comment