കുറുക്കന്റെ ബുദ്ധി!
ഒരു കുറുക്കന്‍ വിശന്നു വലഞ്ഞ് നടക്കുകയായിരുന്നു. അപ്പോഴാണ് അവന്‍ ഒരു ആന ചത്തു കിടക്കുന്നത് കണ്ടത്. കുറുക്കന്‍ സന്തോഷത്തോടെ ആനയുടെ ശരീരം കടിച്ചു കീറാന്‍ ശ്രമിച്ചു. പക്ഷേ, കുറുക്കനുണ്ടോ ആനയുടെ കട്ടിത്തോല്‍ കടിച്ചുമുറിക്കാനാവുന്നു? അവന്‍ വിശന്നു തളര്‍ന്നിരിപ്പായി.
ആ നേരത്ത് ഒരു കടുവ അതുവഴി വന്നു. കുറുക്കന്‍ കടുവയോടു ചോദിച്ചു: ''ചേട്ടാ, ഈ ഇറച്ചി ഒന്നു മുറിച്ചു തരാമോ? ചേട്ടനും കഴിക്കാമല്ലോ!''
അതുകേട്ട കടുവ പുച്ഛത്തോടെ പറഞ്ഞു: ''ഹും! എനിക്കു വേണ്ടതൊക്കെ ഞാന്‍തന്നെ വേട്ടയാടി പിടിക്കും. മറ്റുള്ളവരുടെ ഔദാര്യം പറ്റാന്‍ എന്നെക്കിട്ടില്ല'', ഇതും പറഞ്ഞ് കടുവ പോയി.
പിന്നീട് ഒരു സിംഹമായിരുന്നു ആ വഴി വന്നത്. സിംഹത്തോടും കുറുക്കന്‍ പഴയ ചോദ്യം ആവര്‍ത്തിച്ചു. സിംഹം അതുകേട്ട് ദേഷ്യത്തോടെ മുരണ്ടു: ''ഗര്‍ര്‍...നിനക്കീ സഹായം ചോദിക്കാന്‍ മൃഗരാജനായ നമ്മെയേ കിട്ടിയുള്ളൂ? കടന്നു പോയ്‌ക്കോ മുമ്പീന്ന്!'', സിംഹവും അതിന്റെ പാട്ടിന് പോയി.
അപ്പോഴാണ് അതുവഴി ഒരു പുള്ളിപ്പുലി വന്നത്. പുലിയെ കണ്ടപ്പോള്‍ കുറുക്കന്‍ ഇങ്ങനെ വിചാരിച്ചു. 'ഇവനെക്കൊണ്ടെങ്കിലും കാര്യം സാധിക്കണം. എന്തെങ്കിലും കൗശലം പ്രയോഗിച്ചേ മതിയാകൂ!'
പുലി അടുത്തു വന്നതും കുറുക്കന്‍ ഇങ്ങനെ പറഞ്ഞു: ''ശ്...ശ്...സിംഹരാജന്‍ കൊന്നിട്ടിരിക്കുന്ന ആനയാ ഇത്. എന്നെ കാവലിനു നില്‍പിച്ചിട്ട് അങ്ങേര്‍ കുളിക്കാന്‍ പോയിരിക്കുന്നു. പക്ഷേ, ചേട്ടന്‍ വേണമെങ്കില്‍ ലേശം തിന്നോ!''
കുറുക്കന്റെ കൗശലത്തില്‍ പുലി വീണു. അവന്‍ മൂര്‍ച്ചയേറിയ കോമ്പല്ലുകള്‍ കൊണ്ട് ആനയെ കടിച്ചുകീറി തീറ്റ തുടങ്ങി. കുറച്ചു സമയം കഴിഞ്ഞതും കുറുക്കന്‍ വിളിച്ചു പറഞ്ഞു: ''സിംഹരാജന്‍ വരുന്നേ, ഓടിക്കോ!'' അതു കേട്ടതും പുലി പ്രാണനും കൊണ്ടോടി.
കുറുക്കന്‍ സന്തോഷത്തോടെ തനിക്കു വേണ്ടത് വയറു നിറയെ തിന്നാനും തുടങ്ങി.
No comments:
Post a Comment